
കൊല്ലം: കൊട്ടാരക്കരയിൽ മൂന്ന് ജീവനുകൾ കവർന്ന ദാരുണ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്തുവന്നു. അപകടമുണ്ടാക്കിയ ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് വാഹനം ഓടിക്കാനുള്ള ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചവറ സ്വദേശിയായ നിസാം എന്ന ഡ്രൈവർ ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
അപകടത്തിൽപ്പെട്ട ടിപ്പർ ലോറി 16 വർഷം പഴക്കമുള്ളതും നിരവധി തവണ നിയമലംഘനങ്ങളുടെ പേരിൽ അധികൃതരുടെ നടപടിക്ക് വിധേയമായതുമാണ്. വാഹനത്തിലെ ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമാക്കിയ നിലയിലായിരുന്നുവെന്നും കണ്ടെത്തി.
അമിതവേഗമാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നുവെന്ന് ആർടിഒ അധികൃതർ അറിയിച്ചു.
അതേസമയം, വാഹനങ്ങളുടെ പരിശോധനയും നിയമനടപടികളും കൃത്യമായി നടപ്പാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. സംഭവസ്ഥലത്തെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ ചോദ്യം ചെയ്യുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.










